കോഴിക്കോട്: പൊതുപരിപാടികളിലടക്കം മൊബൈല്‍ ഫോണുമായി തന്നെ ചുറ്റിപ്പറ്റി നടന്ന് സ്വകാര്യത ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് പാപ്പരാസികളായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹലിയയുടെ മുന്നറിയിപ്പ്.
ജനപ്രതിനിധി എന്ന നിലയില്‍ ദിവസേന നിരവധി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.അത്തരം പരിപാടികളില്‍ സംഘാടകര്‍ ഔദ്യോഗികമായി ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.
എന്നാല്‍, ചില സാഹചര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ മാത്രം അടിസ്ഥാനമാക്കി യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ "മീഡിയ' എന്ന പേരില്‍ ചിലര്‍ പരിപാടികളില്‍ ഇടപെടുകയും ചിത്രീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരക്കാര്‍ വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യനിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതു ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.